കൊല്ലം


കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.

കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക ‘ഇന്ത്യ ടുഡെ’, കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെൻമല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

1957 ഓഗസ്റ്റ്‌ 17-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്. 1982-ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.