കേരളം


ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (Kerala). കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) പഴയ തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്ന മലബാർ, അതേ സംസ്ഥാനത്തിലെദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനംരൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം കൊച്ചി കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ്‌ കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.

[DECRYPT]