കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. ആസ്ഥാനം പാലക്കാട് നഗരം. 2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്.
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്നു.