കാസർഗോഡ്


കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌.

കാസർഗോഡിലെ സംസാരഭാഷയിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കാസറഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ്‌ ജില്ല. 1956 നവമ്പർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂർ-കൊച്ചിയിലെ മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു.